വെള്ളത്തിന്റെ വഴി


ചേച്ചി പണ്ടുതൊട്ടേ പറയുന്നതാണ്.
ഒന്നിച്ച് അതിരപ്പിള്ളിക്കു പോകണമെന്ന്.
വളരെ വളരെ പഴയ ഒരോർമ്മയിലെപ്പോലെ,
ആദ്യത്തെ യാത്ര പോലെ.
എല്ലാവരും ഒന്നിച്ച്,
കൂട്ടായി, കുടുംബമായി,
ഇലയിൽ ഇഡ്ഡലി പൊതിഞ്ഞ്
കുടിക്കാൻ ചുക്കുവെള്ളം
വലിയ പാത്രത്തിലെടുത്ത്.
കാലം കഴിഞ്ഞ് ഒത്തുകൂടുന്നതിന്റെ
വിടവ് പൊട്ടിച്ചിരിതേച്ചടച്ച്.

അപ്പോൾ തന്നെയും
ചേർക്കണമെന്ന് ഞാൻ കരുതിയതാണ്.
ചാലക്കുടിത്തണുപ്പിനേക്കാളും തണുപ്പിലേക്ക്
ചാലക്കുടിപ്പച്ചയേക്കാളും പച്ചയിലേക്ക്
തന്നെയും കൊണ്ടുപോവണമെന്ന്
ഞാൻ കരുതിയതാണ്.
താൻ ചേച്ചിയെ കണ്ടിട്ടില്ലല്ലോ?
പേരശ്ശിയെപ്പോലെയാണ് ചേച്ചി.
പേരശ്ശിയെ കണ്ടാലുള്ള പുണ്യം
ചേച്ചിയെ കണ്ടാൽ കിട്ടും.

എന്നിട്ട് എവിടെയാണ്
വണ്ടി നിർത്തിയത്?
അതെ. ചാലക്കുടിയിൽ.
അവിടുന്ന് പിന്നെ
കുളിർമ്മ കൂടലേയുള്ളൂ.
മിഴിവ് തെളിയലേയുള്ളൂ.

ചാലക്കുടിപ്പുഴയുടെ,
എന്റെ പെരിയാറിന്റെ,
വേരിലേക്കാണ് പോക്ക്.
നമ്മുടെ പാറുക്കുട്ടി
മിണ്ടിത്തുടങ്ങിയത് കേൾക്കാൻ
നമ്മൾ കാത്തിരുന്നില്ലേ?
അങ്ങനെ കൊല്ലങ്ങൾ കൊല്ലങ്ങൾ
കഴിയുന്നതുപോലെ കാത്തിരുന്ന്
പതുക്കെ കളകളം കേട്ടുതുടങ്ങും
വാഴച്ചാലിന്റെ.

വാഴച്ചാലിലെറങ്ങണം.
മുട്ടുമൂടുന്ന തണുപ്പും തലമൂടുന്ന തണലും.
പാറുക്കുട്ടിയെ പിടിക്കണം.
പുഴപോലെ ഓടിക്കളയാൻ മിടുക്കിയാണ്.
അവിടത്തെ മണലിൽ
ഊർന്നുവീണ പ്ലാസ്റ്റിക്കും കടലാസും
വിലപ്പെട്ട ഓർമ്മകൾ പോലെ
ഒന്നും അവിടെ അവശേഷിക്കാതെ
പെറുക്കിയെടുത്ത് തിരികെക്കൊണ്ടുവരണം.

പിന്നെയാണ് അതിരപ്പള്ളി.
അതിരിലുള്ള അമ്പലം.
ആതിരപ്പള്ളി. ആർദ്രയായ ക്ഷേത്രം.
തകർത്തുചിരിച്ചുറഞ്ഞൊഴുകുകയാണ്.
അതിന്റെ ഇരമ്പം ദാ
ഇപ്പോഴും എനിക്ക് കേൾക്കാം.
വെളുത്ത് നുരഞ്ഞ് ചിതറിത്തെറിച്ച്.
അമ്മയെയും ചിറ്റമ്മയെയും
ഏടത്തിയെയും പോലെ.
മുഴുവൻ നേരവും ഊർജ്ജിതമായ
ജീവിതം. നിലയ്ക്കാത്ത
ചെയ്തികൾ. ഉറക്കെയുറക്കെ സംസാരം.

അതൊക്കെ, മുത്തശ്ശിയുടെ
അടുക്കൽ നിന്ന് നമുക്ക് കാണണം.
ഏറ്റവും പുരാതനമായ തുടർച്ചകൾ താനറിയണം.
മഴയുടെയും പുഴയുടെയും
അമ്മവഴികൾ അനുഭവിക്കണം.
ഇനിയും വന്നേറി
അശുദ്ധി കലർത്തില്ലെന്ന്
ആണയിട്ടുറപ്പിക്കണം.
നമ്മിലുയിർക്കൊണ്ട് വന്നുപിറക്കാനുള്ള
സന്തതികൾക്കും കൈവഴികൾക്കും
ഒരിക്കലെങ്കിലും വണങ്ങാൻ,
ഈയിരമ്പവും മഹിമാവും നിലനിൽക്കാൻ,
കാട്ടുദൈവങ്ങളോട് പ്രാർഥിക്കണം.

Advertisements

4 thoughts on “വെള്ളത്തിന്റെ വഴി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w