“ഇതു നമ്മുടെ ഭാവന”യെന്നു നീ
മൊഴിയുന്നു വരണ്ടൊരു സന്ധ്യയിൽ
മുറിവാർന്നു മനസ്സിനു തത്ക്ഷണം
മറുവെട്ടു് തിരഞ്ഞു നിരായുധം.
ഒരു മാത്ര നിശബ്ദത; പിന്നെ നിൻ
പരിതാപമിയന്നൊരു ശ്വാസവും.
മതി, എൻ മുറിവാറ്റുവതിന്നതിൽ
നിറയും “ക്ഷമ”യെന്നതിനാർദ്രത.
അകലം വലുതാണു നമുക്കിടെ
ഒരുരാത്രി മുറിച്ചു കടക്കണം.
ഒരു ഫോൺ വിളിയുള്ളിലടച്ചു നാം
പെരുവിൺകിളി ഈ പ്രണയത്തെയും.
ഇനിയെന്നൊരുമിച്ചൊരു ദിക്കിലാം?
പലവട്ടമുരച്ചു വൃഥാശരായ്
ദിനമേറ്റിയ ഭാരമിറക്കിയാ
വിധിയെപ്പഴിചാരിയിരിപ്പു നാം.
പകലോട്ടമൊടുക്കമുലഞ്ഞതും
പണിതീർന്നൊഴിയാതെയിരിപ്പതും
പരുഷം പല വാക്കുകൾ കേട്ടതും
വയറൊട്ടിയൊഴിഞ്ഞു കിടപ്പതും
പല വ്യാകുലചിന്ത മഥിച്ചതും
കടമക്കടമോർത്തു വിയർത്തതും:
വ്യഥയിൽത്തപം ഇങ്ങനെ നാൾക്കുനാൾ
മുരടിച്ചു വചസ്സു് നമുക്കിടെ.
കനിവിൽ നനയാത്ത പദങ്ങളും
മുറിയിപ്പതിനൊത്ത പറച്ചിലും
തണവത്തൊരു മുൾച്ചെടി പോലെ നാം
ഹരിതം പ്രിയമുള്ളിലടങ്ങിലും.
ഒരു പുൽകലിലാണ്ട മരുന്നിനാൽ
തനുവേറ്റ തളർച്ചകളൊക്കെയും
ഒഴിവാക്കിയുണർവ്വു പകർത്തുവാൻ
വഴിയാകുവതെന്നു്? നിനപ്പു ഞാൻ.
അതിശൈത്യമിയന്ന ദിനങ്ങളിൽ
ഇടനെഞ്ഞിലുറഞ്ഞ ഹിമാനിയെ
ഒരു നോക്കിലൊതുക്കിയ വായ്പിനാൽ
അലിയിക്കുവതെന്നു്? പരസ്പരം.
ഒരുമിച്ചൊരടുക്കള തീർക്കലും
പലഹാരമണങ്ങളുയർത്തലും
അതിനൂഷ്മളവായുവിൽ മുഗ്ദ്ധരായ്
അകമത്ര നിറഞ്ഞു കഴിപ്പതും.
ഇനിയും തെളിയാത്ത കിനാക്കളും
മൊഴിയാമധുരങ്ങളുമെത്രമേൽ.
വിളിയറ്റു; കനത്തൊരു സ്വെറ്ററിൽ
ഉടൽമൂടിയ രാത്രിയിലെത്തി ഞാൻ.
അതിലൂടിരുളത്തതിമഞ്ഞിലാ-
ത്തണവേറ്റു തനിച്ചു നടക്കവേ
ഋതു മാറി വസന്തമതെത്തി പൂ
വിരിയും — നാമൊരുമിച്ചിടുമെന്നു ഞാൻ.