എന്റെ ജീവന്റെ രഹസ്യം
ഞാന്‍ നിന്നെയറിയിക്കാം.
പഴയ കഥകളിലെ
ഭൂതത്താന്മാരുടേതുപോലെ
അതു നാലു കിളികളില്‍ കുടിയിരിക്കുന്നു.
ആദ്യത്തേത് ഒരു മയില്‍പ്പൂവന്‍.
കളിക്കളങ്ങളും കാല്‍പ്പന്തുകളും പരിചയമില്ലാത്ത,
നൃത്തം ചെയ്യാനും ചിലങ്കകെട്ടാനും വെമ്പിയ
എന്റെ കാലുകളാണ്
ആ മയൂരത്തെ കൊന്നാല്‍
കല്ലായിമാറുക.
രണ്ടാമത്തേത് ഒരു ചെമ്പോത്ത്.
എന്റെ ആഗ്രഹങ്ങളുടെ ചുവപ്പ്
കണ്ണിലും ചിറകുകളിലുമേന്തുന്ന
അതിനെ നിഗ്രഹിച്ചാല്‍
മുട്ടുമുതല്‍ അരവരെ ഞാന്‍ ശിലയാവും.
അര മുതല്‍ നെഞ്ചു വരെയുള്ള ജീവന്‍
ഒരു കാക്കയിലാണ് വസിക്കുന്നത്.
ഒട്ടും കള്ളമില്ലാത്ത ജീവനാണത്.
ആരില്‍ നിന്നും വ്യത്യസ്തമല്ലാത്തത്.
ഏറ്റവും സാധാരണമായത്.
വിശന്നാല്‍ കരയുന്നത്.
നിറഞ്ഞാലുറങ്ങുന്നത്.
ഹൃദയവും കൈകളും
കണ്‌ഠവും മുഖവും
ഒരു കുയിലിലാണ് ജീവിക്കുന്നത്.
അനുസ്യൂതം പാടുന്നത്.
കവിതയില്‍ ചേക്കേറുന്നത്.
പുറമേക്കഴകില്ലാത്തത്.
അകമേക്കഴലുള്ളത്.
ഇനി നിനക്ക് ഓരോന്നിനെയായി കൊല്ലാം.
നിന്നിലേക്ക് വീണ്ടും വീണ്ടും
ഞാനോടിയെത്താതിരിക്കാന്‍
മയില്‍പ്പൂവന്റെ കഴുത്തു വെട്ടാം.
നിന്റെ ശരീരത്തെ വീണ്ടും വീണ്ടും
ഞാന്‍ മോഹിക്കാതിരിക്കാന്‍
ചെമ്പോത്തിനെ തീയിലെറിയാം.
നിനക്കു വേണ്ടി ഞാന്‍
ഉപവസിക്കാതിരിക്കാന്‍
കാക്കയെ മണ്ണില്‍ മൂടാം.
നിന്നെക്കുറിച്ച് നിര്‍ത്താതെ കവിതകളെഴുതാതിരിക്കാന്‍,
നിന്നെപ്പറ്റി ഉന്മത്തനായി പാടാതിരിക്കാന്‍,
നിന്നെയോര്‍ത്ത് തുടുക്കാതിരിക്കാന്‍,
ആ പെണ്‍കുയിലിനെ അമ്പെയ്തിടാം.
കാരണം
നിന്നെപ്പോലെതന്നെ ഇതെല്ലാമൊന്ന്
അവസാനിച്ചുകിട്ടാനാണ്
എനിക്കുമിഷ്ടം.